Kerala
കോഴിക്കോട്: നിരവധി പെട്രോൾ പമ്പ് കവർച്ചക്കേസുകളിൽ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി അവിനാഷ് (48) ആണ് എറണാകുളത്ത് നിന്നും പിടിയിലായത്.
മുനമ്പത്ത് മോഷണം നടത്തി മാല്യങ്കര വഴി തിരിച്ചു പോകവേ മോഷണം മുതലിൽ പെട്ട മദ്യം സേവിച്ച് പൂസായ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
പുലർച്ചെ പള്ളിപ്പുറം മുനമ്പം ഭാഗത്ത് മോഷണത്തിനിറങ്ങിയ പ്രതി മുനമ്പം അങ്ങാടിയിലെ ആരാധന ഹോട്ടലിൽ നിന്ന് 400 രൂപയും സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്ന് 25,000 രൂപയും കവർന്നിരുന്നു. മോഷണത്തിനിടെ ഹോട്ടലിൽ നിന്നും കവർന്ന മദ്യം കുടിച്ച ശേഷമാണ് മോഷ്ടാവ് സ്ഥലംവിട്ടത്.
മാല്യങ്കര ഭാഗത്ത് വച്ച് സംശയാസ്പദമായി കണ്ട ഇയാളെ ഓട്ടോറിക്ഷ ഡ്രൈവർ ഷൈബു, വാർഡ് മെമ്പർ ബിൻഷാദ്, പ്രദേശവാസി വിഷ്ണു എന്നിവർ ചേർന്ന് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്രതിയുടെ കൈയിൽ കണ്ടെതിനെ തുടർന്ന് സംശയം തോന്നിയ ഇവർ ഉടൻ മുനമ്പം പോലീസിന് വിവരം അറിയിക്കുകയായിരുന്നു.
പമ്പുടമ നൽകിയ പരാതിയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയാക്കായുള്ള അന്വേഷണത്തിൽ ആയിരുന്നു. ഉടൻ പോലീസ് സ്ഥലത്തെത്തി ആളെ തിരിച്ചറിഞ്ഞതോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോഴിക്കോട് നിരവധി പെട്രോൾ പമ്പ് കവർച്ച കേസിൽ പ്രതിയാണ് ഇയാൾ. കവർച്ച നടത്തി മുങ്ങുകയാണ് പ്രതിയുടെ പതിവ്.
Kerala
കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച പാലക്കാട് മലബാര്‍ ഡിസ്റ്റിലറീസിന്റെ നടപടിയെ ന്യായീകരിച്ച് എക്സൈസ് കമ്മീഷണര്‍ എം.ആര്. അജിത്കുമാറിന്റെ സത്യവാങ്മൂലം.
മലബാര്‍ ഡിസ്റ്റിലറീസ് പരസ്യം നല്കുമ്പോള് പുതിയ ബ്രാന്‍ഡിനുള്ള ലൈസന്‍സ് നല്‍കിയിരുന്നില്ല. നിലവിലുള്ള ഒരു ലഹരി ഉത്പന്നത്തിന്റെ ഉപഭോഗമോ വില്പനയോ പ്രോത്സാഹിപ്പിച്ച് പരസ്യം നല്‍കുന്നതാണ് അബ്കാരി ആക്ട് പ്രകാരം കുറ്റകരമാകുക. നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നതില്‍ നിയമലംഘനമില്ല.
ആരോപിക്കപ്പെടുന്ന പരസ്യത്തില്‍ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദര്‍ശിപ്പിച്ചിട്ടില്ല. അതിനാല്‍ പരസ്യം ചട്ടവിരുദ്ധമല്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഭാവി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ നിയമപ്രകാരം അനുവദനീയമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
പരസ്യം മദ്യ ഉപയോഗത്തിനു പ്രേരണയാകുമെന്ന് ചൂണ്ടിക്കാട്ടി മലബാര്‍ ഡിസ്റ്റിലറീസിന്റെ നടപടി ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തതിനു പിന്നാലെയാണ് സത്യവാങ്മൂലം പുറത്തുവന്നത്. പരസ്യം നല്‍കിയതുമായി ബന്ധമില്ലെന്നായിരുന്നു ബിവറേജസ് കോര്പറേഷന് കോടതിയെ അറിയിച്ചിരുന്നത്.
കൊല്ലം ഡിസിസി വൈസ് പ്രസിഡന്റ് എം.എം. സഞ്ജീവ് കുമാറാണു ഹര്ജിക്കാരൻ.
District News
നെടുമങ്ങാട്: പൂവച്ചലിലും പരിസരപ്രദേശങ്ങളിലും ഓട്ടോറിക്ഷയിൽ കൊണ്ടുനടന്നു ചാരായം വിൽപ്പന നടത്തിയിരുന്നവർ എക്സൈസിന്റെ പിടിയിലായി. ഡ്രൈ ഡേ കളിലും വിശേഷദിവസങ്ങളിലും രഹസ്യമായി ചാരായം വില്പന നടത്തിയിരുന്ന പ്രേം നവാസ്, പൊടിയൻ എന്ന പ്രദീപ് എന്നിവർക്കെതിരേയാണ് കേസെടുത്തത്.
ഇവർ ചാരായം കടത്തുവാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പൊടിയൻ എന്നയാൾക്കെതിരേ എക്സൈസ് കമ്മീഷണറുടെ പരാതിസെല്ലിൽ ലഭിച്ച പരാതി യെത്തുടർന്നാണ് ആര്യനാട് എക്സൈസ് പ്രത്യേക ഷാഡോ ടീം രൂപീകരിച്ച് അന്വേഷണം തുടങ്ങിയത്. ഡ്രൈ ഡേ ആയിരുന്ന കഴിഞ്ഞദിവസം രാത്രി എട്ടോടെ പൂവച്ചൽ ഹൈസ്കൂളിനു സമീപം റോഡരുകിൽ വച്ചാണ് എക് സൈസ് പാർട്ടി പ്രതികളുടെ ഓട്ടോറിക്ഷ തടഞ്ഞ് ഇവരെ പിടികൂടിയത്. ഈ സമയം ഇരുവരുടെയും കൈവശവും ഓട്ടോറിക്ഷയിലുമായി 11 ലിറ്റർ ചാരായം,
അര ലിറ്റർ കൊള്ളുന്ന മിനറൽ വാട്ടർ കുപ്പികളിൽ നിറച്ചു വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിലയിൽ കണ്ടെടുത്തു. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെടുന്നതിനനുസരിച്ച് ചാരായം എത്തിക്കുന്നതാണ് ഇവരുടെ രീതി. പോളിയോ ബാധിച്ചതിനെത്തുടർന്ന് ഇരുകാലുകളും തളർന്ന പൊടിയൻ അബ്കാരി ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനാൽ തത്സമയം അറസ്റ്റ് ചെയ്തിട്ടില്ല.
ആര്യനാട് എക്സൈസ് ഓഫീസിലെ അസിസ്റ്റന്റ് ഗ്രേഡ് എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ നാസറുദീൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ശ്രീകുമാർ, ശ്രീകാന്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത്, അഖിൽ എന്നിവരടങ്ങിയ എക് സൈസ് സംഘമാണ് പ്രതി കളെ പിടികൂടിയത്.
Kerala
കണ്ണൂര്‍: മദ്യവില്പന ഗണ്യമായി കുറഞ്ഞതിന്റെയും സുരക്ഷാവ്യവസ്ഥകള്‍ പാലിക്കാത്തതിന്റെയും പേരില്‍ ബിവറേജസ് കോര്പറേഷന് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി. കണ്ണൂര്‍ പാറക്കണ്ടിയിലെ ബിവറേജസ് ചില്ലറ വില്പനശാലയിലെ ഷോപ്പ് ഇന്‍ചാര്‍ജ് വി.സുബീഷിനാണ് കോര്പറേഷന് നോട്ടീസ് നല്‍കിയത്.
ഇന്‍ ചാര്‍ജായ ഉദ്യോഗസ്ഥന് ഓര്‍ഡിനറി കൗണ്ടറിലും ഗോഡൗണ്‍ ഏരിയയിലും സിസിടിവി സ്ഥാപിച്ചില്ലെന്നാണ് പ്രധാന ആരോപണം. ഇത് കോര്പറേഷന് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടാതെ, 2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെയുള്ള വില്പന കണക്കുകളും 2024 ഫെബ്രുവരി മുതല്‍ 2025 ജനുവരി വരെയുള്ള വില്പനയും താരതമ്യപ്പെടുത്തിയപ്പോള്‍ 10.16 ശതമാനം വില്പന കുറഞ്ഞതായി കണ്ടെത്തി. കോര്പറേഷന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിച്ചത്തുവന്നത്.
ഗുരുതരമായ മേല്‍നോട്ടക്കുറവും കര്ത്തവ്യവീഴ്ചയും കോര്പറേഷന് ചട്ടങ്ങളുടെ ലംഘനവും നടത്തിയതിനാലാണ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് കുറ്റാരോപണ പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ക്രിസ്മസ് വാരത്തിൽ ബെവ്കോയിൽ റിക്കാർഡ് മദ്യവിൽപ്പന. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 332.62 കോടി രൂപയുടെ മദ്യം വിറ്റുവെന്നാണ് കണക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.
24 -ാം തീയതി 114.45 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ബെവ്കോ പ്രീമിയം കൗണ്ടർ സൗകര്യങ്ങളും ഒരുക്കിയിരുന്നു. തൃശൂരും കോഴിക്കോടും പ്രീമിയം കൗണ്ടറുകൾ തുറന്നിരുന്നു. ഇത് വില്‍പ്പനയിലെ വർധനവിന് കാരണമായി.
അതേസമയം ബെവ്കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി പുരോഗമിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതി ജനുവരി ഒന്ന് മുതൽ പൂർണ തോതിൽ പ്രാബല്യത്തിൽ വരുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.
Kerala
കൊല്ലം: 150 ലിറ്റർ ഗോവ നിർമിത മദ്യവുമായി മധ്യവയസ്കൻ അറസ്റ്റിൽ. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് പിടിയിലായത്.
പൂജ, ഗാന്ധി ജയന്തി അവധിക്ക് അമിത വില ഈടാക്കി വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. കൂട്ടാളിക്കായി പോലീസ് തെരച്ചിൽ തുടങ്ങി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് ജേക്കബിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 150 ലിറ്റർ ഗോവ നിർമിത മദ്യം പിടികൂടിയത്.
ബിവറേജസ് അവധി ആയാൽ ആവശ്യക്കാർക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നൽകുന്നതാണ് ജേക്കബിന്റെ രീതി. ഗോവയിൽ 140 രൂപ വില വരുന്ന മദ്യം 700 രൂപയ്ക്കായിരുന്നു ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ജേക്കബിന് കൂടാതെ മറ്റു ചിലരും ഇതിൽ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. ട്രെയിനിൽ കൊണ്ടുവരുന്ന മദ്യം ജേക്കബിന്റെ വീട്ടിലാണ് ഒളിപ്പിച്ചു വയ്ക്കാറുള്ളത്.
പോലീസ് എത്തുമെന്ന് മനസിലാകി കൂട്ടാളി ഒളിവിൽ പോയി. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ കടത്തിവെട്ടി റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്.
ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്.
കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (ഒരു കോടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.